മുംബൈ: ഐപിഎല്ലിന്റെ മെഗാ താരലേലം അടുത്ത വര്‍ഷം ഫെബ്രുവരി, ഏഴ്, എട്ട് തിയ്യതികളില്‍ ബംഗളൂരുവില്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ നടക്കുന്ന അവസാനത്തെ മെഗാ താരലേലമായിരിക്കും ഇപ്രാവശ്യത്തേതെന്നാണ് സൂചന. വളരെ കുറച്ചു കളിക്കാരെ മാത്രം നിലനിര്‍ത്താന്‍ അനുവദിച്ചുകൊണ്ടുള്ള മെഗാ താരലേലത്തെ നിലവിലെ ടീമുകള്‍ എതിര്‍ക്കുന്നതിനാലാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയില്‍ ലക്നോ ആസ്ഥാനമായുള്ള ടീമും സിവിസി ഗ്രൂപ്പിന് കീഴില്‍ അഹമ്മദാബാദ് ആസ്ഥാനമായ ടീമുമാണ് ഇത്തവണ പുതുതായി ഐപിഎല്ലില്‍ കളിക്കുന്നത്. പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെയാണ് മെഗാ താരലേലം ഇത്തവണ ആവശ്യമായി വന്നത്.
എന്നാല്‍, കഷ്ടപ്പെട്ട് ടീം കെട്ടിപ്പടുത്തശേഷം നിര്‍ണായക കളിക്കാരെ വിട്ടു കൊടുക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്ന് ഡല്‍ഹി ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രേയസ് അയ്യര്‍, കാഗിസോ റബാദ, ശിഖര്‍ ധവാന്‍, അശ്വിന്‍ എന്നിവരെ ലേലത്തിന് വിട്ടുകൊടുക്കേണ്ടിവന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും യുവതാരങ്ങളെ വളര്‍ത്തിയെടുത്ത ശേഷം അവര്‍ രാജ്യത്തിനായി കളിക്കുകയും അതിനു ശേഷം അവരെ നഷ്ടമാകുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ജിന്‍ഡാല്‍ പറഞ്ഞു

