ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ അഡ്മിഷന് അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ പ്രഖ്യാപിച്ച് സര്‍വകലാശാലയുടെ നിര്‍ണായക നടപടി. എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് തീരുമാനമാനമെടുത്തത്. കേന്ദ്ര സര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ(സിയുസിഇടി)യില്‍ നിന്നോ അല്ലെങ്കില്‍ ഡല്‍ഹി സര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ(ഡിയുസിഇടി) വഴിയോ പ്രവേശനം നടത്താനാണ് തീരുമാനം.
ഇത്തവണ ഡല്‍ഹി സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ കേരളത്തില്‍ നിന്നുള്ള 1,890 കുട്ടികളാണ് വിവിധ കോളേജുകളിലായി പ്രവേശനം നേടിയത്. പ്രവേശനം ലഭിച്ച മലയാളി വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്ക് 98.4 ശതമാനമാണ്. ഹിന്ദു കോളേജ്, മിറാണ്ട ഹൗസ്, സാക്കില്‍ ഹുസൈന്‍ കോളേജ്, രാംജാസ് കോളേജ്, ഹന്‍സ് രാജ് കോളജ് എന്നിവിടങ്ങളിലെ മിക്ക ബിരുദ വിഷയങ്ങള്‍ക്കും ബഹുഭൂരിപക്ഷം സീറ്റുകളും മലയാളി വിദ്യാര്‍ഥികളാണ്. ഇതിനെതിരെ വലിയ പ്രതിഷേധവും പരാതിയുമാണ് ഉയര്‍ന്നിരിക്കുന്നത്.
നൂറ് ശതമാനവും മാര്‍ക്ക് നേടുന്ന കേരളം, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ കുട്ടികള്‍ ഡല്‍ഹി സര്‍വ്വകലാശാലക്ക് കീഴിലെ ഏറ്റവും മികച്ച കോളേജുകളിലെ സീറ്റുകള്‍ മുഴുവന്‍ സ്വന്തമാക്കുന്നുവെന്ന പരാതി ശക്തമായതോടെയാണ് ഇത്തരത്തില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ജെഎന്‍യുവില്‍ അടക്കം ഇതേ മാതൃകയില്‍ പ്രവേശന പരീക്ഷകള്‍ നിലവിലുണ്ട്.

