ശിവഗിരി തീര്‍ത്ഥാടക സമ്മേളനം ഡിസംബര്‍ 31ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30ന് രാവിലെ 10 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ത്ഥാടക സമ്മേളനം 31ന് രാവിലെ 9.30ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും ഉദ്ഘാടനം ചെയ്യും. പി.അശ്വിനി വൈഷ്ണവ്, ജി.കിഷന്‍ റെഡ്ഡി, രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍ എന്നീ അഞ്ച് കേന്ദ്ര മന്ത്രിമാരും ശിവഗിരിയിലെത്തും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ഡോ അശ്വത് നാരായണന്‍, കനിമൊഴി എം.പി, എം.എ.യൂസഫലി, കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമ്മീസ്, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.

ഡിസംബര്‍ 30, 31, ജനുവരി 1 തിയ്യതികളിലായി 13 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ എട്ടു വിഷയങ്ങളെ ആസ്പദമാക്കിയും സമകാലീന പ്രശ്നങ്ങളെ ഉള്‍ക്കൊണ്ടുമാണ് സമ്മേളനങ്ങള്‍ ഉണ്ടാവുക. ശ്രീനാരായണഗുരുദേവന്‍ സ്ഥാപിച്ച മതമഹാപാഠശാല അഥവാ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി പ്രമാണിച്ച്
പ്രത്യേക സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

ഡിസംബര്‍ 30 നു പുലര്‍ച്ചെ പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്കുശേഷം ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവകൃതികളുടെ പാരായണം നടക്കും. ഏഴരക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാകോദ്ധാരണം ചെയ്യും. ഡിസംബര്‍ 31 പുലര്‍ച്ചെ 5 മണിക്ക് തീര്‍ത്ഥാടന ഘോഷയാത്ര നടക്കും. ശിവഗിരിപ്രാന്തം, മൈതാനം, റെയില്‍വേസ്റ്റേഷന്‍ വഴി മടങ്ങി ഘോഷയാത്ര മഹാസമാധിപീഠത്തില്‍ എത്തിച്ചേരും.