പിപിഇ കിറ്റ് അഴിമതി വിവാദം; മൂന്നിരട്ടി വിലക്ക്‌ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; വിശദീകരണവുമായി കെ.കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് വ്യാപന സമയത്ത് സംസ്ഥാനത്ത് പിപിഇ കിറ്റ് അഴിമതി വിവാദത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ രംഗത്ത്. മാര്‍ക്കറ്റില്‍ കൊറോണ പ്രതിരോധ ഉപകരണങ്ങള്‍ക്ക് ക്ഷാമമുളള സമയമായിരുന്നു അതെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പിപിഇ കിറ്റുകള്‍ കൂടുതല്‍ വിലക്ക് വാങ്ങിയത് എന്നും ശൈലജ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊറോണ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആയിരത്തി അഞ്ഞൂറ് രൂപക്ക് പിപിഇ കിറ്റ് നല്‍കാന്‍ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ വാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മൂന്നിരട്ടി ഉപകരണങ്ങള്‍ സംഭരിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നും അവര്‍ പറഞ്ഞു. അതിന് ശേഷമാണ്, അഞ്ഞൂറ് രൂപക്ക്‌ പിപിഇ കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമായത്. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു

ദുരന്ത സമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെ സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. കൊറോണ കാലത്തെ പിണറായി സര്‍ക്കാര്‍ കോടികള്‍ തട്ടിയത് പുറത്തു വന്ന സാഹചര്യത്തിലാണ് മുന്‍ ആരോഗ്യമന്ത്രി ആദ്യമായി വിശദീകരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.