ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായാണ് സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്.
ഡൽഹിയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് പൂർണ്ണമായും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച ഡൽഹിയിൽ സാമൂഹ്യ-സാംസ്കാരിക ഒത്തുചേരലുകൾക്കെല്ലാം വിലക്കുണ്ട്. ഹോട്ടലുകളിലും പബ്ബുകളിലും 50 ശതമാനം ആളുകൾക്ക് മാത്രമെ പ്രവേശനമുള്ളു. പൊതുയോഗം, കല്യാണം, സമ്മേളനങ്ങൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബർ 16 മുതൽ 31 വരെ മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്തവർ മറ്റുള്ളവർക്കൊപ്പം പൊതുഗതാഗത വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് അപകടകരമാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. 200 ൽ അധികം ആളുകൾ ഒത്തുചേരുന്ന പരിപാടികൾക്ക് വാർഡ് ഓഫീസർമാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങണമെന്നും നിർദ്ദേശമുണ്ട്. ഇൻഡോർ ഹാളുകളിൽ നടക്കുന്ന പരിപാടിക്ക് സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം കർണാടക എല്ലാ പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പരിപാടികളും നിരോധിച്ചു. ഹോട്ടലുകളിലും ക്ലബ്ബുകളിലും 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം. പ്രത്യേക പുതുവത്സര പാർട്ടിയോ ഡിജെ പരിപാടിയോ നടത്താൻ അനുമതിയില്ല. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവൻ ജീവക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഗുജറാത്തി രാത്രികാല കർഫ്യൂ ഡിസംബർ 31 വരെ നീട്ടി. രാത്രി 1 മണി മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. ഹോട്ടലുകളിലും വ്യായാമ കേന്ദ്രങ്ങളിലും 75 ശതമാനം ആളുകൾക്ക് മാത്രമെ പ്രവേശനമുള്ളു.
കല്യാണ ഹാളുകൾ, ഹോട്ടൽ, ബാങ്ക്, സർക്കാർ ഓഫീസ്, ബസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് വിലക്കേർപ്പെടുത്തുമെന്നാണ് ഹരിയാന സർക്കാർ വ്യക്തമാക്കുന്നത്. ഇനിയും കോവിഡ് വാക്സിൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്നാണ് പഞ്ചാബ് സർക്കാരിന്റെ നിലപാട്. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വാക്സിനേഷൻ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തവർക്ക് മാത്രമേ ശമ്പളം വിതരണം ചെയ്യുകയുള്ളുവെന്നാണ് സർക്കാർ അറിയിച്ചത്.

