ഇരുട്ടടി; വസ്ത്രങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ വ്യാപാരികളുടെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. ഡിസംബര്‍ 28ന് രാവിലെ 11 മണിക്ക് കേരളത്തിലെ എല്ലാ ജിഎസ്ടി ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരള ടെക്‌സ്റ്റൈല്‍സ്‌ ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി. പുതുവര്‍ഷം മുതല്‍ എല്ലാ തുണിത്തരങ്ങള്‍ക്കും 12 ശതമാനം ജിഎസ്ടിയാണ് പ്രാബല്ല്യത്തില്‍ വരാന്‍ പോകുന്നത്.

ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു നേരത്തെ അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കും ഇനി വില കൂടും. പുതിയ നിരക്ക് വസ്ത്ര മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികള്‍ വാദിക്കുന്നത്.

75 വര്‍ഷമായി തുണിത്തരങ്ങള്‍ക്ക് ഇങ്ങനെയൊരു നികുതി ചുമത്തിയിട്ടില്ല.
സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വസ്ത്ര വ്യാപാരികളാണ് ജിഎസ്ടി മൂലം പ്രതിസന്ധി നേരിടാന്‍ പോകുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ടുലക്ഷം കുടുംബങ്ങളും പട്ടിണിയിലാകും. ഇതൊഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.