ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പറഞ്ഞു. തന്റെ മകന്‍ റെയ്ഹാന്‍ (19), മകള്‍ മിറായ (19) എന്നിവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്യുന്നുവെന്ന് പ്രിയങ്കാ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, തന്റെ മക്കളെയും വെറുതെ വിടുന്നില്ലെന്ന് പറഞ്ഞാണ് മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തെന്ന ആരോപണവുമായി പ്രിയങ്ക രംഗത്തു വന്നത്.
അതേസമയം, പ്രിയങ്ക ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെങ്കിലും ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു. സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്നാണ് സൂചന.

