മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തു നിന്ന് കാണുന്നത് പോലെയല്ലെന്നും കളിക്കാര്‍ക്കിടയിലുള്ള വേര്‍തിരിവുകള്‍ക്ക് താന്‍ നിരവധി തവണ ഇരയായിട്ടുണ്ടെന്നും ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2019 ലെ സിഡ്‌നി ടെസ്റ്റിനു ശേഷം വിദേശത്തെ ഏറ്റവും മികച്ച സ്പിന്നറെന്ന് കുല്‍ദീപ് യാദവിനെ വിശേഷിപ്പിച്ചതോടെ താന്‍ തകര്‍ന്നു പോയിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു.
എന്നാല്‍, 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്കിനെ അവഗണിച്ച് മികച്ച പ്രകടനം കാഴ്ചവച്ച തന്നെ പിന്തുണക്കാന്‍ ടീമിനുള്ളില്‍ നിന്നും ആരും മുന്നോട്ട് വന്നില്ലെന്നാണ് ഒരു പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ ആരോപിച്ചത്. ടീമിലുള്ള ചിലര്‍ക്ക് അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരുന്നെന്നും പലപ്പോഴും ആ പരിഗണന തനിക്ക് ലഭിക്കാതിരുന്നതില്‍ വളരെയേറെ വിഷമം തോന്നിയിരുന്നെന്നും അശ്വിന്‍ സൂചിപ്പിച്ചു.
2018ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്ക് തന്നെ വല്ലാതെ അലട്ടിയിരുന്നെന്നും അതിനെ അവഗണിച്ചാണ് താന്‍ ടീമിന് വേണ്ടി കളിച്ചതെന്നും അശ്വിന്‍ പറഞ്ഞു. ഓരോ ഓവര്‍ എറിഞ്ഞു കഴിയുമ്പോഴും വല്ലാതെ കിതയ്ക്കുമായിരുന്നെന്നും ആ സമയങ്ങളില്‍ ഒന്ന് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും വന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു. മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ പലപ്പോഴും ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ മനസിലുള്ള വിഷമങ്ങള്‍ തുറന്നു പറയാന്‍ സാധിക്കുന്ന ഒരാളെ കിട്ടിയിരുന്നെങ്കില്‍ അന്ന് താന്‍ അനുഭവിച്ച പകുതി പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമയിരുന്നെന്നും എന്നാല്‍, അത്തരമൊരു പിന്തുണ ടീമിലുണ്ടായിരുന്ന ആരില്‍ നിന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

