കണ്ണൂർ: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കെ റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരിച്ചടികൾ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂർ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭൂമാഫിയയെ സഹായിക്കാനാണ് കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കെ റെയിൽ പദ്ധതിയിലെ ആശങ്ക പരിഹരിക്കാൻ യോഗം വിളിക്കണമെന്നാണ് ശശി തരൂർ എംപി മുഖ്യമന്ത്രി പിണറായി വിജയനോട് ഉന്നയിച്ചിരിക്കുന്ന ആവശ്യം. പദ്ധതിയിൽ ആശങ്കയറിയിച്ച ജനങ്ങളേയും രാഷ്ട്രീയ പാർട്ടികളേയും കെ റെയിൽ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചർച്ച നടത്തണമെന്നാണ് ശശി തരൂർ ആവശ്യപ്പെടുന്നത്.
കെ റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ് എം പിമാർ കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ ശശി തരൂർ ഒപ്പുവെച്ചിരുന്നില്ല. ഇത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ നിവേദനത്തിൽ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയിൽ പദ്ധതിക്ക് താൻ നിലവിൽ അനുകൂലമാണ് എന്നതല്ല അർത്ഥമെന്നും മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണെന്നും ശശി തരൂർ അറിയിച്ചിരുന്നു.

