എരുമേലി-കരിമല വഴി ശബരിമലക്കുള്ള കാനനപാത തുറക്കാന്‍ തീരുമാനം; ഡിസംബര്‍ അവസാനത്തോടെ സഞ്ചാരയോഗ്യമാക്കും

ശബരിമല: എരുമേലിയില്‍ നിന്ന് കരിമല വഴി ശബരിമലക്കുള്ള കാനന പാത തുറക്കുന്നതിനായി ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ 3 ജില്ലകളിലെ കലക്ടര്‍മാര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷമാകും കാനനപാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കുക. ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും.

വന്യജീവികള്‍ കൂടുതലായി ഉള്ളതിനാല്‍ പകല്‍ 12ന് ശേഷം പാതയിലൂടെ യാത്രതുടങ്ങാന്‍ അനുവദിക്കേണ്ടതില്ല എന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. എരുമേലി മുതല്‍ പമ്പ വരെയുള്ള പാത ചുരുങ്ങിയ സമയത്തിനുള്ളില്‍ സജ്ജമാക്കും. പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തികബുദ്ധിമുട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അന്തിമ രൂപരേഖ ബുധനാഴ്ച പമ്പയില്‍ ചേരുന്ന ഉന്നതാധികാര സമിതിയുടെ അവലോകന യോഗത്തില്‍ രൂപീകരിക്കും.

അതേസമയം, പാതയില്‍ തീര്‍ഥാടകര്‍ക്കായി എട്ട് വിശ്രമ കേന്ദ്രങ്ങള്‍ സജ്ജമാക്കു. കൂടാതെ, കടകള്‍, ശുചിമുറി സൗകര്യം എന്നിവയും രണ്ട് കാര്‍ഡിയാക് സെന്ററുകളും നാല് അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളും ഒരുക്കും. മുക്കുഴി, കരിമല എന്നിവിടങ്ങളില്‍ രണ്ട് ആശുപത്രികളും ഒരുക്കും. കല്ലിടാംകുന്ന്, കരിമല, അഴുതകടവ് എന്നിവിടങ്ങളില്‍ ഇഎംസികള്‍ പ്രവര്‍ത്തനമാരംഭിക്കും. അയ്യപ്പ സേവാസംഘം നാല് ഇടങ്ങളില്‍ അന്നദാനം നടത്തും. വന്യമൃഗശല്യത്തിന് സാധ്യതയുള്ളതിനാല്‍ രണ്ട് കിലോമീറ്റര്‍ ഇടവിട്ട് നിരീക്ഷണ സംവിധാനം ഒരുക്കും.