ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. എന്നാല്‍, സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിര്‍ദ്ദേശമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
നിലവില്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുമുള്ള വോട്ടര്‍ പട്ടികയുടെ ചുമതല. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടര്‍ പട്ടിക തയ്യാറാക്കി എല്ലാ തിരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുക എന്നതാണ് പുതിയ ശുപാര്‍ശ മുമ്പോട്ട് വെക്കുന്നത്. ഒറ്റരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണോ എന്ന സംശയവും ശക്തമാവുകയാണ്. ചില പ്രത്യേക കാരണങ്ങളാല്‍ ആധാര്‍ ഹാജരാക്കിയില്ലെങ്കിലും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം എന്നും ബില്ല് പറയുന്നു.
അതേസമയം, പ്രതിപക്ഷ ബഹളത്തിനിടെയാണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ നേരത്തെ ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കിയത്. സ്വകാര്യതക്കുള്ള മൗലിക അവകാശത്തിന്റെ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു.

