ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി എടികെ; ജയത്തോടെ തുടങ്ങി ഫെറാന്‍ഡോ

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ വീണ്ടും വിജയ വഴിയില്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് എടികെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്.

രണ്ടാം പകുതിയില്‍ ഹ്യൂഗോ ബോമസിന്റെ ഇരട്ട ഗോളും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലിസ്റ്റണ്‍ കൊളാക്കോ നേടിയ ഗോളുമാണ് എടികെക്ക് ജയമൊരുക്കിയത്. മലയാളി താരം വിപി സുഹൈറിലൂടെ രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോള്‍ 87ാം മിനിറ്റില്‍ മഷൂര്‍ ഷെരീഫിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ ലീഡ് വഴങ്ങിയതിന്റെ ഞെട്ടലില്‍ എടികെ ആക്രമിച്ചെങ്കിലും നോര്‍ത്ത് ഗോള്‍ വഴങ്ങാത പിടിച്ചുനിന്നു. 40ാം മിനിറ്റില്‍ റോച്ചര്‍സെലയുടെ ഗോളെന്നുറച്ച ഷോട്ട് എടികെ ഗോള്‍ കീപ്പര്‍ അവിശ്വസനീയമായി തടുത്തിട്ടതിന് പിന്നാലെ എടികെക്കും ഗോളിന് അവസരം ലഭിച്ചു.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഒടുവില്‍ എടികെ കാത്തിരുന്ന സമനില ഗോള്‍ വന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ ലിസ്റ്റണ്‍ കൊളാക്കോ ആണ് എടികെക്ക് സമനില സമ്മാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിലെ എടികെ മുന്നിലെത്തി. 53-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസ് ആണ് എടികെക്ക് ലീഡ് സമ്മാനിച്ചത്. 76-ാം മിനിറ്റില്‍ ബോമസ് തന്നെ എടികെയുടെ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. എഫ്‌സി ഗോവയില്‍ നിന്നെത്തിയ പുതിയ കോച്ച് യുവാന്‍ ഫെറാന്‍ഡോക്ക് ആദ്യ കളി മധുരമുള്ളതായി.