കേരളത്തിന് നേട്ടം; സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ 75% പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂര്‍ണ കൊവിഡ് വാക്സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703) ആദ്യ ഡോസ് വാക്സിനും 75 ശതമാനം പേര്‍ക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നല്‍കി. രണ്ടും കൂടി ആകെ 4,60,41,932 ഡോസ് വാക്സിനാണ് നല്‍കിയത്.

85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കിയ വയനാട് ജില്ലയാണ് സമ്പൂര്‍ണ വാക്സിനേഷനില്‍ മുന്നിലുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയില്‍ 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. 83 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പുറകില്‍. ആരോഗ്യ പ്രവര്‍ത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 91, 93 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ വാക്സിനെടുത്തത്. സ്ത്രീകള്‍ 2,40,42,684 ഡോസ് വാക്സിനും പുരുഷന്‍മാര്‍ 2,19,87,271 ഡോസ് വാക്സിനുമാണെടുത്തത്.

കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ ഇടക്കിടക്ക് വൃത്തിയാക്കുകയും വേണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇനിയും വാക്സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.