ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്: പിച്ച് കണ്ട് ഭയന്ന് ശ്രേയസ്; ഉപദേശവുമായി ദ്രാവിഡ്‌

ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഈ മാസം 26 മുതല്‍ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടക്കാനിരിക്കെ പിച്ചിലെ പച്ചപ്പ് കണ്ട് ഞെട്ടി ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള വീഡിയോയിലാണ് പിച്ചിലെ പച്ചപ്പിനെക്കുറിച്ചുള്ള ആശങ്ക ശ്രേയസ് പങ്കുവെച്ചത്.

‘പിച്ചില്‍ ഒരുപാട് പുല്ലുണ്ട്. ഇവിടെ ബാറ്റ് ചെയ്യുകയെന്നത് ബാറ്ററെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരിക്കും.’ എന്നായിരുന്നു ശ്രേയസിന്റെ ആശങ്ക. താരത്തിന്റെ ഈ പരിഭവത്തില്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു, ‘നല്ല തീവ്രതയോടെ നിലവാരമുള്ള പരിശീലനം നടത്തൂ’ എന്നദ്ദേഹം ടീമിനോടു ആവശ്യപ്പെട്ടു.

ശ്രേയസിന്റെ കരിയറിലെ ആദ്യത്തെ വിദേശ ടെസ്റ്റ് പരമ്പര കൂടിയാണിത്. ന്യൂസിലന്‍ഡിനെതിരേ നടന്ന കഴിഞ്ഞ പരമ്പരയിലായിരുന്നു ശ്രേയസിന്റെ അരങ്ങേറ്റം. കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി താരം തിളങ്ങിയിരുന്നു.