കേരളാ കോണ്‍ഗ്രസ് ബി പിളര്‍ന്നു; ബാലകൃഷ്ണപിള്ളയുടെ മകള്‍ പക്ഷം യുഡിഎഫിലേക്കോ?

ആര്‍ ബാലകൃഷ്ണപിള്ള രൂപീകരിച്ച പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് ബി പിളര്‍ന്നു. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ സഹോദരിയും ബാലകൃഷ്ണപിള്ളയുടെ മകളുമായ ഉഷ മോഹന്‍ദാസിനെ പുതിയ വിഭാഗത്തിന്റെ അധ്യക്ഷയായി തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ ഇടതുപക്ഷത്താണ് പിള്ളയുടെ കേരളാ കോണ്‍ഗ്രസ് ബി. ഇടതുപക്ഷം ഈ പിളര്‍പ്പിനെ അംഗീകരിച്ചില്ലെങ്കില്‍ ഉഷാ മോഹന്‍ദാസും കൂട്ടരും യുഡിഎഫിനൊപ്പം ചേരും.

‘ഏകാധിപതിയെ പോലെയാണ് ഗണേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉഷ മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിവുള്ള എംഎല്‍എയാണ് ഗണേഷ്, എന്നാല്‍, ചെയ്യേണ്ട കടമകള്‍ ഗണേഷ് ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒരു ജനകീയനാകുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടു പോകാന്‍ സാധിക്കില്ല. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സഹകരിച്ചാണ് മുന്നോട്ടു പോകേണ്ടത്. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ല പ്രസിഡന്റുമാരും തങ്ങളോടൊപ്പമാണെന്നും’ ഉഷ മോഹന്‍ദാസ് വ്യക്തമാക്കി.

ഗണേഷ് കുമാര്‍ പാര്‍ട്ടിയുടെ എംഎല്‍എയായി തുടരും. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വര്‍ക്കിങ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം.കെ. മണി വ്യക്തമാക്കി. മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷനില്‍ ചെയര്‍മാനായി കെ ജി പ്രേംജിത്തിനെ നിയമിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പ്രധാന കാരണം. കെബി ഗണേഷ് കുമാര്‍ ഏകപക്ഷീയമായി നടത്തിയ നീക്കമാണെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും പറയുന്നത്. ഈ സാഹചര്യത്തെ മുതലെടുത്ത് കേരളാ കോണ്‍ഗ്രസ് ബിയില്‍ ഗണേശിന്റെ സഹോദരിയായ ഉഷാ മോഹന്‍ദാസ് ഇടപെടുകയായിരുന്നു. ഇടതുപക്ഷം ഗണേഷിനൊപ്പം നില്‍ക്കും. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് ബി പിളര്‍ന്നാല്‍ ഉഷാ മോഹന്‍ദാസും സംഘവും യുഡിഎഫില്‍ ചേരാനാണ് സാധ്യത.