മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് അന്തരിച്ചു

തിരുവനന്തപുരം: പി.ടി. തോമസ് എംഎല്‍എ (70) അന്തരിച്ചു. രാവിലെ 10.15ന് വെല്ലൂര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തിന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. തൃക്കാക്കര എംഎല്‍എ ആണ് പി.ടി തോമസ്. കെ പി സി സി യുടെ വര്‍ക്കിങ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയില്‍ അംഗവുമായിരുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് അദ്ദേഹം.

നട്ടെല്ലില്‍ ക്യാന്‍സര്‍ ബാധ ഉണ്ടായതിനെ തുടര്‍ന്നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമന്ന നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും പി ടി ഉറച്ചു തന്നെ നിന്നിരുന്നു.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നാണ് പി ടി തോമസിന്റെ ജനനം. എം.എ. എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ തന്നെ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി. 1996ലും 2006ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ല്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റായി. 2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.