ന്യൂഡല്‍ഹി: ‘മധ്യസ്ഥതാ ബില്‍’ ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം ബില്ലിന് അനുമതി നല്‍കിയിരുന്നു. കുടുംബ തര്‍ക്കങ്ങള്‍, സമൂഹത്തിന്റെ സമാധാനവും സൗഹാര്‍ദവും തകര്‍ക്കുന്ന വിഷയങ്ങള്‍ എന്നിവയില്‍ ‘സമൂഹ മധ്യസ്ഥത’ക്കും വിദേശരാജ്യങ്ങളിലെ കമ്പനികള്‍, വ്യക്തികള്‍ എന്നിവരുള്‍പ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര മധ്യസ്ഥതക്കും പ്രത്യേക സംവിധാനങ്ങള്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മധ്യസ്ഥതയും അനുവദനീയമാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളും കക്ഷികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ‘മധ്യസ്ഥതക്ക്’ വിടാം.
തര്‍ക്കങ്ങളില്‍ വേഗം പരിഹാരമുണ്ടാക്കുകയും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയുമാണ് ലക്ഷ്യം.
മധ്യസ്ഥത
- കേസുകള്‍ കോടതിയിലെത്തുന്നതിനു മുന്‍പ് മധ്യസ്ഥത തുടങ്ങണം.
- കോടതികളുടെ അതിര്‍ത്തിക്കുള്ളിലായിരിക്കണം മധ്യസ്ഥത.
- മധ്യസ്ഥന്‍ കക്ഷികള്‍ക്ക് പൊതുസമ്മതനായിരിക്കണം.
- മധ്യസ്ഥനെ ലഭിക്കാന്‍ അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ അനുവദിക്കണം.
- 90 ദിവസംകൊണ്ട് മധ്യസ്ഥത പൂര്‍ത്തിയാക്കണം. കക്ഷികള്‍ക്ക് സമ്മതമാണെങ്കില്‍ 90 ദിവസംകൂടി നീട്ടാം.
- ഏതവസരത്തിലും ഒരു കക്ഷിക്ക് മറ്റു കക്ഷികളെയും മധ്യസ്ഥനെയും അറിയിച്ചുകൊണ്ട് മധ്യസ്ഥതയില്‍ നിന്ന് പിന്മാറാം. എന്നാല്‍, അങ്ങനെ പിന്മാറുന്നതിനുമുമ്പ് ഒരു തവണയെങ്കിലും മധ്യസ്ഥശ്രമത്തിന്റെ ഭാഗമായിരിക്കണം.
- കോടതിപ്രകാരം നടത്തുന്ന മധ്യസ്ഥതകള്‍ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ നടപടിക്രമങ്ങള്‍ പാലിച്ചാവും.
- ലോക് അദാലത്തുകള്‍ നടത്തുന്ന മധ്യസ്ഥത ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമപ്രകാരമായിരിക്കും.
മധ്യസ്ഥന്‍
- ദേശീയ കൗണ്‍സിലിന്റെ രജിസ്‌ട്രേഷനുള്ള വ്യക്തി.
- മധ്യസ്ഥന് എന്തെങ്കിലും വിപരീത താല്‍പര്യമുണ്ടെങ്കില്‍ മധ്യസ്ഥ ചര്‍ച്ച തുടങ്ങും മുമ്പ് അക്കാര്യം കക്ഷികളെ രേഖാമൂലം അറിയിക്കണം.
- മധ്യസ്ഥത തുടങ്ങിയശേഷം ഉണ്ടാവുന്ന വിരുദ്ധ താല്‍പര്യങ്ങളും അറിയിക്കണം. അതിനുശേഷം കക്ഷികള്‍ക്ക് സമ്മതമാണെങ്കില്‍ മധ്യസ്ഥനെ മാറ്റാം.
- മധ്യസ്ഥന്‍ ഒത്തുതീര്‍പ്പ് അടിച്ചേല്‍പിക്കരുത്. മധ്യസ്ഥതയിലൂടെ ഒത്തുതീര്‍പ്പ് ആകുമെന്ന് ഉറപ്പും നല്‍കരുത്.
- നിശ്ചിത കാലത്തിനുള്ളില്‍ ഒത്തുതീര്‍പ്പാകുന്നില്ലെങ്കില്‍ മധ്യസ്ഥന്‍ അക്കാര്യം രേഖാമൂലം സേവനദാതാവിനെ അറിയിക്കണം.
ഒത്തുതീര്‍പ്പു കരാര്‍
- കക്ഷികളെല്ലാവരും ചേര്‍ന്നോ ഏതാനും ചിലരോ ഒപ്പുവെച്ചതും തര്‍ക്കം മുഴുവനോ ഭാഗികമോ ആയി പരിഹരിച്ചത്.
- മധ്യസ്ഥ ചര്‍ച്ച തുടരുന്നതിനിടെ കക്ഷികള്‍ക്ക് ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഇടക്കാല കരാറിലോ ഭാഗിക കരാറിലോ ഒപ്പുവെക്കാം.
- ഒത്തുതീര്‍പ്പു കരാര്‍ 1987-ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമത്തില്‍ പറയുന്ന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.
- ഒത്തുതീര്‍പ്പു കരാര്‍ സിവില്‍ കോടതിയുടെ ഉത്തരവിനും നിര്‍ദേശത്തിനും തുല്യം.
- കരാറില്‍ ഒപ്പുവെച്ച കക്ഷിക്ക് അത് പിന്നീട് ചോദ്യംചെയ്യണമെങ്കില്‍ കോടതിയിലോ ട്രിബ്യൂണലിലോ പ്രത്യേക അപേക്ഷ നല്‍കണം.
- ഒത്തുതീര്‍പ്പ് മൂന്നു മാസത്തിനുള്ളില്‍ ചോദ്യം ചെയ്യണം. കോടതി അതിന്‍മേല്‍ ഒരുമാസത്തിനുള്ളില്‍ തീരുമാനമെടുക്കും.
- തട്ടിപ്പ്, അഴിമതി, ആള്‍മാറാട്ടം തുടങ്ങിയ വിഷയങ്ങളുണ്ടായാലേ മധ്യസ്ഥതാകരാര്‍ ചോദ്യം ചെയ്യാനാവൂ.

