സെഞ്ചൂറിയന്‍: ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സാഹചര്യത്തില്‍ അനുവദിക്കപ്പെട്ട 2,000 കാണികളില്‍ പ്രത്യേക ക്ഷണിതാക്കള്‍ മാത്രമായിരിക്കും ഉണ്ടാവുക എന്നതാണ് സൂചന.
ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി മൂന്നിന് വാന്‍ഡറേഴ്സില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന്റെ ടിക്കറ്റ് വില്‍പനയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇക്കാര്യം വാന്‍ഡറേഴ്സ് സ്റ്റേഡിയം അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ടിക്കറ്റ് വില്‍പന സംബന്ധിച്ച് കൂടുതല്‍ അറിയിപ്പുകള്‍ പിന്നീടുണ്ടാകും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയിലെ ചതുര്‍ദിന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച നീട്ടിവച്ചിരുന്നു. അതേസമയം, പര്യടനത്തിനായി ഡിസംബര്‍ 16ന് ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീം ഒരു റിസോര്‍ട്ടില്‍ കര്‍ശന ബയോ-ബബിളിലാണ്. താരങ്ങള്‍ ഇതിനകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഇത്തവണ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.

