കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ പരസ്യവിചാരണ ചെയ്ത സംഭവത്തെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. കുട്ടി കരഞ്ഞതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത് എന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്റെ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതില്‍ വിമര്‍ശിച്ച കോടതി, വീഡിയോ ദ്യശ്യങ്ങള്‍ ഉടന്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍, സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ടന്ന് കോടതി നിരീക്ഷിച്ചു. എന്തിനാണ് ഇത്തരമൊരു അന്വോഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെനന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിയ ഹൈക്കോടതി, വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ആരോപണ വിധേയയായ പോലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

