കെ-റെയിൽ; കേരള സർക്കാരിന് പറയാനുള്ളത് കേൾക്കാതെ സർക്കാർ നിലപാട് തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശശി തരൂർ

കോഴിക്കോട്: കെ-റെയിൽ പദ്ധതിയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ശശി തരൂർ എംപി. പദ്ധതിയെ കുറിച്ച് കേരള സർക്കാരിന് പറയാനുള്ളത് കേൾക്കാതെ സർക്കാർ നിലപാട് തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ചർച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകൾ. ഇതിനുള്ള പരിസരം നിഷേധിക്കപ്പെടുന്നത് ജനാധിപത്യത്തെയും സമൂഹത്തേയും ദുർബലമാക്കും. ആശയപരമായി എതിർഭാഗത്തു നിൽക്കുന്നവർ മുന്നോട്ടുവെയ്ക്കുന്ന എന്തിനെയും യാന്ത്രികമായി എതിർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതാണ് ബിജെപി ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ-റെയിൽ പദ്ധതിയെ എതിർത്തുകൊണ്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിക്കയച്ച കത്തിൽ താൻ ഒപ്പുവെയ്ക്കാതിരുന്നതും തിരുവനന്തപുരത്ത് ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ താൻ നടത്തിയ പരാമർശങ്ങളും അനാവശ്യ വിവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. കെ റെയിൽ പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ കഴിയില്ല. അങ്ങിനെയൊരു പഠനം ഇനിയും നടത്തിയിട്ടില്ലെന്നതിനാലാണ് കത്തിൽ ഒപ്പ് വെയ്ക്കാതിരുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന സെമി ഹൈസ്പിഡ് റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ വിശദമായി മനസ്സിലാക്കേണ്ടതുണ്ടെന്നും അതുകൊണ്ടുമാത്രമാണ് എംപിമാരുടെ കത്തിൽ ഒപ്പുവെയ്ക്കാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

താൻ കെ റെയിൽ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നല്ല കത്തിൽ ഒപ്പുവെയ്ക്കാതിരുന്നതിന്റെ അർത്ഥം. കണ്ണടച്ച് ഒരു പദ്ധതിയെയും എതിർക്കുന്നത് ജനാധിപത്യത്തിൽ സ്വാഗതാർഹമായ നിലപാടല്ല. ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ താൻ നടത്തിയ പരാമർശങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് താൻ അതിവ ഉദാരത പുലർത്തുകയാണെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ കിട്ടണമെങ്കിൽ നിലവിലെ സാമ്പത്തിക അന്തരീക്ഷം മാറേണ്ടതുണ്ടെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസ് ചെയ്യാൻ പറ്റിയ സ്ഥലമാണ് കേരളം എന്ന സന്ദേശം ലോകത്തിന് കിട്ടണം. ഇത്തരമൊരു സന്ദേശം തന്റെ പ്രസംഗത്തിലൂടെ നൽകിയതിനാണ് താൻ മുഖ്യമന്ത്രിയെ പ്രശംസിച്ചതെന്നും അദ്ദേഹം അറിയിച്ചു.