ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയര്‍ത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്ത്. വിവാഹപ്രായം ഉയര്‍ത്തുന്നതിന് പിന്നില്‍ ബിജെപി സര്‍ക്കാരിന് ദുരുദ്ദേശങ്ങള്‍ ഉണ്ടെന്നും ബില്ലിനെ എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ത്യയിലെ മറ്റ് പ്രധാന വിഷയങ്ങളെല്ലാം അവഗണിച്ച് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പിന്നില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്നും വേണുഗോപാല്‍ ആരോപിച്ചു.
ഇന്ത്യയില്‍ ഇപ്പോള്‍ ഈ ബില്ലിന്റെ ആവശ്യമില്ലെന്നും പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും സമാജ്വാദി പാര്‍ട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിര്‍ക്കും. മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളും നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം തന്നെ ആവര്‍ത്തിച്ചു.
അതേസമയം, വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ബില്‍ തിങ്കളാഴ്ച ലോക്‌സഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

