തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെയും അധികാര ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ടുകൾ പോലും വെട്ടിക്കുറയ്ക്കുമ്പോൾ സോഷ്യൽ മീഡിയ പ്രചാരണത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചിരിക്കുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾക്കായി 1.02 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.
പിആർഡിയുടെ ഔട്ട് ഡോർ പബ്ലിസിറ്റി കാംപെയ്‌ന്റെ ഭാഗമായി അനുവദിച്ച തുകയിൽ നിന്ന് ധനപുനർവിനിയോഗം വഴിയാണ് 1.02 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിട്ടത്. പ്ലാനിങ് വകുപ്പാണ് തുക ആവശ്യപ്പെട്ടത്. കോവിഡ് കാലത്ത് സൈബർ യുദ്ധമാണ് നല്ലതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്ന ഉപദേശം. സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തിപ്പെടുത്താനും അദ്ദേഹം ലക്ഷ്യമിടുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നടന്ന ക്യാമ്പെയ്‌നുകളുടെ ഫലമായാണ് സർക്കാരിന് ഭരണത്തുടർച്ച ലഭിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടത്തിയ പ്രചാരണങ്ങളാണ് പിണറായി സർക്കാരിന്റെ പ്രതിച്ഛായ വർധിക്കാനുള്ള പ്രധാന കാരണം.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോവിഡ് നഷ്ടപരിഹാരം പോലും നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിക്കുമ്പോഴും പിആർ വർക്കുകൾക്കായി വലിയ തുകയാണ് സർക്കാർ ചെലവഴിക്കുന്നത്. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണം പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്ന വിമർശനം ഉയരുമ്പോഴാണ് ഇത്രയധികം തുക സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണത്തിനായി സർക്കാർ വിനിയോഗിക്കുന്നത്.

