കോട്ടയം: കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. വെറും രണ്ടുമണിക്കൂർ ലാഭത്തിനുവേണ്ടി ഒന്നരലക്ഷം കോടി രൂപ മുതൽമുടക്കി 1383 ഹെക്ടർ സ്ഥലം പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിടിച്ചെടുത്ത് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള എൽ.ഡി.എഫ് സർക്കാറിന്റെ വ്യാമോഹം വിലപ്പോകില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കെ റെയിൽ പദ്ധതിക്കെതിരെ ഐക്യജനാധിപത്യ മുന്നണി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അധികാരം പ്രയോഗിച്ചും, പോലീസിനെ ഉപയോഗിച്ചും കെ.റെയിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെങ്കിൽ അത് കേരളത്തിൽ നടക്കില്ല. വികസനത്തെ എതിർക്കുകയല്ല. എന്നാൽ വികസനം നാടിനെ തകർക്കരുത്. വിശദാംശങ്ങൾ ഒന്നും ജനങ്ങൾക്കുമുന്നിൽ വെളിപ്പെടുത്താതെയാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഒരു പദ്ധതി ആരംഭിക്കുന്നതിന് ചില പ്രാരംഭ നടപടികൾ ഉണ്ട്. അത് ജനങ്ങൾ അറിയണം. ജനകീയ പങ്കാളിത്തം വേണമെങ്കിൽ ജനങ്ങളെ ഈ പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കണം. ഇന്നുവരെ ഒന്നും ഈ സർക്കാർ വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കാതെ രഹസ്യമായി നടത്താനുദ്ദേശിക്കുന്ന പദ്ധതിക്കെതിരെ ശക്തമായ പോരാട്ടം ഐക്യജനാധിപത്യമുന്നണി തുടങ്ങുകയാണ്. അതിന് പൊതുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു.
യുഡിഎഫ് വിഭാവനം ചെയ്ത നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതിയും എക്സ്പ്രസ് ഹൈവേയും ഉൾപ്പെടെ എതിർക്കുകയും കമ്പ്യൂട്ടർവത്കരണത്തിനെതിരെ കമ്പ്യൂട്ടർ തല്ലിത്തകർക്കുകയും ചെയ്ത സിപിഎമ്മാണ് വികസനവിരോധികളെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

