നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ച് തന്നെ ആധാർ കാർഡ് നൽകാൻ പദ്ധതി; യുഐഡിഎഐ

ന്യൂഡൽഹി: നവജാത ശിശുക്കൾക്ക് ഇനി ആശുപത്രിയിൽ വെച്ച് തന്നെ ആധാർ കാർഡ് നൽകും. ഇതിനായുള്ള പദ്ധതി ഉടൻ പുറത്തിറക്കുമെന്ന് യുഐഡിഎഐ അറിയിച്ചു. നവജാത ശിശുക്കൾക്ക് ജനന രജിസ്ട്രാറുമായി സഹകരിച്ച് ആശുപത്രിയിൽ തന്നെ ആധാർ എൻറോൾ ചെയ്യാനുള്ള സൗകര്യമൊരുക്കാനാണ് പദ്ധതിയിടുന്നത്. യുഐഡിഎഐ സിഇഒ സൗരഭ് ഗാർഗാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 131 കോടിയോളം ജനങ്ങൾക്കും ആധാർ എൻറോൾ ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ എല്ലാവർഷവും രണ്ടുമുതൽ രണ്ടരക്കോടി വരെ നവജാത ശിശുക്കളാണ് ജനിക്കുന്നത്. അതിനാലാണ് ആശുപത്രികൾ വഴി നവജാത ശിശുക്കൾക്ക് ആധാർ കാർഡ് നൽകുന്ന പദ്ധതി ആരംഭിക്കുന്നത്. പ്രായപൂർത്തിയായവരിൽ 99.7 ശതമാനം ആളുകൾക്ക് ആധാർ എൻറോൾ ചെയ്തു കഴിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആധാറിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതന്ന് യുഐഡിഎഐ സിഇഒ പറഞ്ഞു. 10 കോടി ആളുകളാണ് ഓരോ വർഷവും അവരുടെ സ്വകാര്യ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത്. 140 കോടി ബാങ്ക് അക്കൗണ്ടുകളിൽ 120 കോടി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

നവജാത ശിശുക്കൾക്ക് ആധാർ നൽകാൻ വേണ്ടി കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ചിത്രം എടുക്കും. അഞ്ച് വയസ്സിന് താഴെ പ്രായമുള്ളക്ക് ബയോമെട്രിക് സംവിധാനം സാധിക്കില്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. അഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ ബയോമെട്രിക് സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.