ഓണ്‍ലൈന്‍ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി ജനപ്രിയ ആപ്പായ വാട്സ്ആപ്പുമായി സഹകരിക്കാനൊരുങ്ങി ജിയോ. ഇതിലൂടെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. വാട്ട്സ്ആപ്പ് വഴി ഇത്തരം അവശ്യ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പുതിയ ‘ടാപ്പ് ആന്‍ഡ് ചാറ്റ്’ ഓപ്ഷന് ഉപയോക്താക്കളെ അനുവദിക്കുന്നു. ഡെലിവറി സൗജന്യമാണെന്നതിന് പുറമെ മിനിമം ഓര്‍ഡര്‍ മൂല്യവും ഇല്ല.
ഉപഭോക്താവിന് അവരുടെ സൗകര്യത്തിനനുസരിച്ച് ജിയോ വഴിയോ ക്യാഷ് ഓണ്‍ ഡെലിവറിയായോ പണമടക്കാനും സാധിക്കും. ഏറ്റവും വലിയ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ സ്റ്റോര്‍ ശൃംഖലയായ റിലയന്‍സ് റീട്ടെയിലിന്റെ നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നത്. പഴങ്ങളും പച്ചക്കറികളും മുതല്‍ ധാന്യങ്ങള്‍, ടൂത്ത്പേസ്റ്റ്, പന്നര്‍, ചെറുപയര്‍ മാവ് തുടങ്ങിയ പാചക സാധനങ്ങള്‍ വരെ ജിയോമാര്‍ട്ട് വാട്ട്സ്ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം. കൂടാതെ, റിലയന്‍സ് ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാം.
ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍, ഇന്ത്യയുടെ റീട്ടെയില്‍ ചെലവിന്റെ പകുതിയോളം ഭക്ഷണവും പലചരക്ക് സാധനങ്ങളും വഹിക്കുന്നു, ഇത് 2025 ഓടെ 1.3 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉപയോക്താക്കളെ വാട്ട്സ്ആപ്പില്‍ പരിധികളില്ലാതെ ഷോപ്പുചെയ്യാന്‍ സഹായിക്കുക മാത്രമല്ല, റീട്ടെയിലര്‍മാര്‍ക്ക് സ്റ്റോക്ക് ശേഖരണം വര്‍ദ്ധിപ്പിക്കാനും മാര്‍ജിനുകള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന നേറ്റീവ് സവിശേഷതകള്‍ നിര്‍മ്മിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

