സംസ്ഥാനത്ത് സമീപകാലത്തുണ്ടായ പ്രളയ ദുരന്തങ്ങളെ പഠിച്ച വിദഗ്ധ സമിതികള്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങള്‍ മിക്കതും ഇപ്പോഴും കടലാസ്സില്‍ തന്നെ. കൃത്യസമയത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേരളം പരാജയപ്പെട്ടു. അതിനുള്ള സംവിധാനങ്ങള്‍ നിലവില്‍ കേരളത്തില്‍ ഇല്ല. തീരപ്രദേശങ്ങള്‍ കടലെടുക്കുന്നു, മലയോരങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് ഉരുള്‍പൊട്ടുന്നു. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നു. വരും നാളുകളില്‍ അതിരൂക്ഷമാകാന്‍ പോകുന്ന ഈ കാലാവസ്ഥ മാറ്റങ്ങളെ നേരിടാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനം അപര്യാപ്തമാണ്.
2018 ലെ കേരളത്തിലുണ്ടായ പ്രളയത്തിന് ശേഷം കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു പഠിച്ചത് ഒട്ടേറെ വിദഗ്ധ സമിതികളാണ്. രാജ്യത്തെ വിവിധ മേഖലകളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തെന്നെ പത്തംഗ സമിതിയെ പഠനത്തിന് നിയോഗിച്ചിരുന്നു. എല്ലാ പ്രളയ മേഖലകളും സന്ദര്‍ശിച്ച സംഘം ഒട്ടേറെ ശുപാര്‍ശയുമായി സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. എന്നാല്‍. എല്ലാ റിപ്പോര്‍ട്ടുകളും കടലാസുകളില്‍ തന്നെ ഒതുങ്ങുകയായിരുന്നു.
ഇത് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനെ രാഷ്ട്രീയ വിവാദമാക്കി സര്‍ക്കാര്‍ തള്ളിക്കളഞ്ഞെങ്കിലും സിഎജിയുടെ കണ്ടെത്തലുകള്‍ പലതും സത്യമായി തന്നെ നില നില്‍ക്കുന്നു.
ഓരോ വര്‍ഷവും പ്രളയം പതിവായിട്ടും സമഗ്രമായ പ്രളയ ഭൂപടം സംസ്ഥാനത്ത് ഇല്ല
എന്നും ജനം ആശങ്കയില്‍ കഴിയുന്ന പെരിയാര്‍ തീരത്തുപോലും മതിയായ മഴ മാപിനികള്‍ ഇല്ല
275 പുതിയ പ്രളയ പ്രവചന കേന്ദ്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ സ്ഥാപിച്ചു.
ഒരെണ്ണംപോലും കേരളത്തില്‍ അല്ല. കാരണം ഇതിനുവേണ്ട സ്ഥലങ്ങളുടെ പട്ടിക കേരളം നല്‍കിയില്ല
മഴ, നദികളുടെ നീരൊഴുക്ക് എന്നിവയുടെ തത്സമയ ഡാറ്റ ലഭിക്കാന്‍ സംസ്ഥാനത്ത് സംവിധാനമില്ല
ജനങ്ങള്‍ക്ക് ഉചിതമായ സമയത്ത് അപകട മുന്നറിയിപ്പ് നല്‍കാനുള്ള സമഗ്ര സംവിധാനം കേരളത്തില്‍ ഇല്ല
അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയില്‍പ്പോലും ഇപ്പോഴുള്ള ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങള്‍ അപര്യാപ്തമാണ്
ഇതില്‍ പലതും കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ് എന്ന് പറഞ്ഞൊഴിയുകയാണ് സംസ്ഥാനം. എന്നാല്‍ കേരളം പലതും ചെയ്യേണ്ടതുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് ഈ മേഖലയിലെ വിദഗ്ധര്‍.

