സംസ്ഥാനത്തെ പച്ചക്കറി വിലവര്‍ധനവില്‍ ഇടപെട്ട് സര്‍ക്കാര്‍; തക്കാളി കിലോ 50 രൂപക്ക് വില്‍ക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വര്‍ധനവില്‍ ഇടപെട്ട് സര്‍ക്കാര്‍. സഞ്ചരിക്കുന്ന വില്‍പ്പന ശാലകള്‍ ഇന്ന് മുതല്‍ തുടങ്ങുമെന്നും പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ 8 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചുവെന്നും കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.

സംസ്ഥാനത്ത് തക്കാളി കിലോ 50 രൂപക്ക് വില്‍ക്കും. കുതിച്ചുയരുന്ന തക്കാളി വില പിടിച്ചു നിര്‍ത്താന്‍ തക്കാളി വണ്ടികളുമായി എത്തുകയാണ് കൃഷി വകുപ്പ്. ഓരോ ജില്ലകളിലും രണ്ട് വണ്ടികളില്‍ തക്കാളിയും മറ്റ് പച്ചക്കറികളും വില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിയുടെ വില വര്‍ധനവ് തടയുന്നതില്‍ കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും സജീവമായി ഇടപ്പെടുന്നുണ്ട്. പ്രക്യതി ദുരന്തങ്ങളാണ് വില വര്‍ധനവിന് കാരണമായത്. 40 ടണ്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നും മന്ത്രി പ്രസാദ് വ്യക്തമാക്കി.