‘പുരകത്തുമ്പോള്‍ വാഴവെട്ടുന്നവര്‍’; പിപിഇ കിറ്റ് അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അഴിമതി നടത്തിയത, പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ജനങ്ങള്‍ പുറത്തിറങ്ങുക പോലും ചെയ്യാതെ കുടുങ്ങിപ്പോയ ദുരന്തകാലത്ത് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ. പ്രാകൃതമായ കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് നല്‍കിയ പണമാണ് കേരളം കൊള്ളയടിച്ചത്.

മരുന്ന് വാങ്ങുന്നതിനും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമുള്ള പണമാണ് സര്‍ക്കാര്‍ മുക്കിയത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് വേണ്ടി വായ്ത്താരി പാടിയവര്‍ ഇപ്പോള്‍ എവിടെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അഴിമതികള്‍ക്കെല്ലാം മറുപടി പറയണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.