പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ആരോഗ്യ മന്ത്രി; സമിതിയെ നിയോഗിക്കുമെന്ന് ഉറപ്പു നൽകി

തിരുവനന്തപുരം: പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. പിജി വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായി ആരോഗ്യമന്ത്രി അറിയിച്ചു. സമരം അവസാനിപ്പിക്കുന്ന കാര്യം മറ്റുള്ളവരുമായി ചർച്ച ചെയ്ത ശേഷം പറയാമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.

റെസിഡൻസി മാനുവലിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കും. റെസിഡൻസി മാനുവലിൽ നിന്നും അധികമായി ആർക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതൽ എന്ന് അറിയാൻ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സമിതി രൂപീകരിക്കും. പി ജി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ എഴുതി നൽകാൻ ഒരു മാസത്തെ സമയമാണ് സംഘടനാ പ്രസിഡന്റ് ആവശ്യപ്പെട്ടത്.

സ്‌റ്റൈപെൻഡ് 4 ശതമാനം വർധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യർത്ഥിച്ചിട്ടുണ്ട്. അനുഭാവപൂർവം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയൽ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പ് മന്ത്രിയോട് സംസാരിക്കും. ഒന്നാം വർഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവർ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും മന്ത്രി വിശദീകരിച്ചു.

വാർഡുകളിലും അത്യാഹിത വിഭാഗത്തിലും പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ചെയ്യുന്ന സേവനങ്ങൾ വലുതാണ്. ആരോഗ്യ വകുപ്പിന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് 373 എൻ.എ.ജെ.ആർ.മാരെ നിയമിക്കുന്നതിന് ഉത്തരവായത്. അവരിൽ ഏറെ പേരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരിടത്തും ഇതുപോലെ നിയമിച്ചിട്ടില്ല. ഇനിയും കൂടുതൽ എൻഎജെആർമാരെ നിയമിക്കണമെന്നാണ് അവർ പറയുന്നതെന്നും വീണാ ജോർജ് അറിയിച്ചു.

എസ്.ആർ.മാരുടെ സേവനം ഫാക്വൽറ്റി തലത്തിലാണ് ലഭിക്കുന്നതെന്നും ജെ ആർ തലത്തിൽ ലഭിക്കുന്നില്ലെന്നും സംഘടനാനേതാക്കൾ മീറ്റിംഗിൽ പരാതി ഉന്നയിച്ചു. അങ്ങനെയാണെങ്കിൽ ഇവർ ആവശ്യപ്പെട്ടാൽ അധികമായി നേരത്തെ നിയമിച്ച 249 എസ്.ആർ.മാർക്ക് പകരം കൂടുതൽ എൻ.എ.ജെ.ആർന്മാരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, മുൻപ് ചർച്ച നടത്തിയ പിജി അസോസിയേഷൻ നേതാക്കൾ, തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.