കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിൽ പ്രതികരണവുമായി ഡോ. ഗോപിനാഥ് രവീന്ദ്രൻ. പുനർനിയമനം ശരിയാണെന്ന തന്റെ നിലപാട് ഹൈക്കോടതിയും അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. സാധാരണ പല സർവകലാശാലകളിലും ഇത്തരം നടപടികൾ പതിവുണ്ട്. പ്രോ വൈസ് ചാൻസലർ എന്ന നിലയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു തനിക്ക് കുറച്ച് കാലം കൂടി സർവീസ് നൽകണമെന്ന് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകിയതിൽ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോ ചാൻസലർ എന്ന നിലയിൽ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ചെയ്തതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പദവിയിൽ നിന്ന് ഒഴിവാകണം എന്ന് പറഞ്ഞാൽ താൻ തയ്യാറായിരുന്നു. സാധാരണ ഒരു നടപടി വലിയ വിവാദമായതിന് പിന്നിൽ രാഷ്ട്രീയതാത്പര്യങ്ങൾ തന്നെയാണ്. തന്നെ വ്യക്തിപരമായി തേജോവധം ചെയ്‌തോ എന്ന കാര്യം തുറന്ന് പറയില്ല. വൈസ് ചാൻസലർ എന്ന നിലയിൽ ചാൻസലറെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ല. ഇത് സാധാരണ നടക്കുന്ന നടപടിയാണ്. ഗവർണർക്ക് രാഷ്ട്രീയമറിയാം. നിരവധി രാഷ്ട്രീയപാർട്ടികളിൽ അദ്ദേഹം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് നിയമവുമറിയാം. അതെല്ലാം പരിഗണിച്ചാകും അദ്ദേഹം പുനർനിയമനം അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി തുടരാമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

