തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിയമനത്തിൽ പ്രശ്നങ്ങളില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് ആർ ബിന്ദു വ്യക്തമാക്കി. അക്കാദമിക് മികവുള്ള വി സിക്ക് പ്രവർത്തനം തുടരാനുള്ള അനുവാദമായി കോടതി വിധിയെ കാണുന്നുവെന്നും മന്ത്രി അറിയിച്ചു.
ഹൈക്കോടതി നടപടി സ്വാഗതാർഹമാണ്. സംസ്ഥാന സർക്കാറും ഗവർണറും ചാൻസലറും പ്രോ ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി ചർച്ച ചെയ്യുന്നത് ധാർമികതക്ക് നിരക്കുന്ന കാര്യമല്ല. നയതന്ത്രപരമായ ബന്ധമാണിത്. അതിന്റെ മാന്യത കാത്ത് സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിഷയത്തിൽ മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല. തന്റെ പിതാവിനെക്കാൾ പ്രായമുള്ള ആളാണ് ഗവർണർ. അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആർ ബിന്ദു വിശദമാക്കി.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ കേസ് പിൻവലിച്ചു. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണനാണ് ഇക്കാര്യം അറിയിച്ചത്. ഗവർണർക്കെതിരേ കേസ് കൊടുത്തത് കൂട്ടായ തീരുമാനമാണ്. തനിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും എന്തുകൊണ്ട് അങ്ങനെ പ്രതികരിച്ചുവെന്ന് അങ്ങനെ പറഞ്ഞവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരുമായും ഒരു തരത്തിലുള്ള എതിരഭിപ്രായങ്ങളുമില്ലെന്നും നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

