ന്യൂഡല്‍ഹി: ലഖിംപുര്‍ കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ലഖിംപുര്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്.
ലഖിംപുര്‍ ഖേരി സംഭവത്തില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ജയിലിലാണ്. ഒക്ടോബര്‍ 3നു ലഖിംപുര്‍ ഖേരിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്ത യോഗത്തിലേക്കു പ്രതിഷേധവുമായി എത്തിയ 4 കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കിടയിലേക്കു കാറോടിച്ചു കയറ്റുന്നതിന്റെയും ഡ്രൈവര്‍ സീറ്റില്‍ ആശിഷ് മിശ്ര ഇരിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു.
ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഗൂഢാലോചനയാണ് നടന്നതെന്ന് കണ്ടെത്തിയത്. കര്‍ഷക കൂട്ടക്കൊല അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും കൃത്യമായി പദ്ധതി തയാറാക്കി നടപ്പാക്കിയതാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

