തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഗവര്‍ണര്‍ വിവാദമാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും ശക്തമായ മറുപടി നല്‍കുകയാണ് സിപിഎം. അതേസമയം, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ രാജിയാവശ്യപ്പെട്ട് സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിസി നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇന്ന് കോടതി എതിര്‍ത്തെങ്കില്‍ കണ്ണൂര്‍ വിസിക്ക് പുറത്തുപോകേണ്ട സാഹചര്യമായിരുന്നു. വിസിയെ രാജിവെപ്പിച്ച് ഗവര്‍ണറുമായുള്ള സമവായ നീക്കം ആലോചിച്ചെങ്കിലും, കോടതി പറയട്ടെ എന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. അതേസമയം, ഇന്നത്തെ ആശ്വാസ വിധി നാളത്തെ തിരിച്ചടിയാകുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവന്നുവെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും വിസിയെ പുനര്‍നിയമിക്കാനാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അസാധാരണ കത്തും പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് നടപടി. കേസില്‍ സുപ്രധാനമായ ഈ തെളിവുകളുമായി ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിലേക്ക് പോകുമ്പോള്‍ മന്ത്രിക്ക് പുറത്ത് പോകേണ്ട സാഹചര്യം വരെ ഉണ്ടാകാന്‍ സാധ്യത ബാക്കിയുണ്ട്. സമരവും നിയമനടപടികളുമായി മുന്നോട്ട് പോകലാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഒപ്പം ലോകായുക്തക്ക് പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

