സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെച്ച കൊവിഡ് മരണ കണക്കുകള്‍ പരിശോധിച്ച് കേന്ദ്ര സംഘം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവച്ച കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ പരിശോധിക്കാനൊരുങ്ങി കേന്ദ്രസംഘം. ഡോ. പി.രവീന്ദ്രന്‍, ഡോ. രുചി ജെയിന്‍, ഡോ. പ്രണയ് വര്‍മ എന്നിവരടങ്ങിയ സംഘമാണ് പരിശോധിക്കുക. കൊവിഡ് ബാധിതരുടെ ഉയര്‍ന്ന നിരക്കും മരണങ്ങളും കൂടാതെ ആയിരക്കണക്കിന് പഴയ മരണങ്ങള്‍ ഔദ്യോഗിക പട്ടികയിലേക്കു കൂട്ടിച്ചേര്‍ത്തതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണു സംഘം പരിശോധിക്കുക.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കേസ് ഷീറ്റുകള്‍ പരിശോധിക്കുകയും പലതിലും വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്നും സംഘം കണ്ടെത്തി. പിന്നീട് കോട്ടയം ജനറല്‍ ആശുപത്രിയും സന്ദര്‍ശനം നടത്തി. ഒക്ടോബര്‍ 22നാണ് പഴയ മരണങ്ങളെന്ന പേരില്‍ ആരോഗ്യവകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ കൂടുതല്‍ മരണങ്ങള്‍ ഉള്‍പ്പെടുത്തി തുടങ്ങിയത്. ഇന്നലെ വരെ 13,340 മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തോളമായി പ്രതിദിനം ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നത് കേരളത്തിലാണ്.

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശവിനിമയം നടത്തിയ സംഘം നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പുതുതായി ഔദ്യോഗിക പട്ടികയില്‍ ചേര്‍ത്ത കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച് നാളത്തെ യോഗത്തില്‍ വിശദീകരിക്കാനും നിര്‍ദേശിച്ചു. ബന്ധുക്കള്‍ അപ്പീല്‍ നല്‍കിയശേഷം കൂട്ടിച്ചേര്‍ത്ത മരണങ്ങളുടെ പ്രത്യേക കണക്ക് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.