കുപ്പിവെള്ളത്തിന് വിലയിടാന്‍ അധികാരം കേന്ദ്രത്തിന്; 13 രൂപ നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. കുപ്പിവെള്ളത്തിന് 13 രൂപ വിലയിട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

തോന്നുന്ന വിലക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. ഇതിനെതിരെ കുപ്പിവെള്ള ഉദ്പാദകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വെള്ളത്തിന് വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്രത്തിന്റെ നിലപാട് തേടി.