നഷ്ടപരിഹാരമായി നല്‍കുന്നത് കോടികള്‍; സംസ്ഥാനത്ത് പക്ഷിപ്പനി മൂലം സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിക്കുന്നതുമൂലം സര്‍ക്കാരിനുണ്ടാകുന്നത് അധിക സാമ്പത്തിക ബാധ്യത. ആലപ്പുഴ ജില്ലയില്‍ മൂന്നു തവണയായി 14 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. നഷ്ടം ചിട്ടപ്പെടുത്തുന്നതില്‍ കൃത്രിമ കണക്കുകള്‍ ഉണ്ടാകുന്നതായി കര്‍ഷകര്‍ തന്നെ സമ്മതിക്കുന്നു.

2014 ലുണ്ടായ പക്ഷിപ്പനി മൂലം താറാവ് കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നല്‍കിയ നഷ്ടപരിഹാരം 3,82,72,805 രൂപയാണ്. എന്നാല്‍, ഒരു വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഒന്‍പത് കോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് കൈമാറിയത്. സര്‍ക്കാര്‍ രേഖകളില്‍ താറാവ്, കോഴി, വളര്‍ത്തുപക്ഷികള്‍ എന്നീ ഇനങ്ങളിലായി അഞ്ചരലക്ഷത്തോളം ജീവികളെ കൊന്നുവെന്നാണ് നിലവിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ജനുവരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ ഒരുകോടി പത്തുലക്ഷത്തിന് അടുത്താണ് നഷ്ടപരിഹാരം നല്‍കിയത്. നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിലും ഇന്ന് മുതല്‍ താറാവുകളെ കൊന്നൊടുക്കും. തകഴിയില്‍ മാത്രം ചത്തതും കൊന്നതുമായ താറാവുകളുടെ എണ്ണം ഇരുപതിനായിരമായി. ഇത്തരം കണക്കുകളില്‍ കൃത്രിമം ഉണ്ടെന്ന് ഒരു വിഭാഗം കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്. താറാവുകളുടെ സാമ്പിളുകള്‍ ശേഖരിച്ചാലും ഫലം ലഭിക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കുന്നത് രോഗവ്യാപനത്തിന് ഒരു വലിയ കാരണമാണ്.