സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സ്‌റ്റൈപെന്‍ഡ് വര്‍ധിപ്പിക്കാനാവില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമായതിനാല്‍ പി ജി ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കാന്‍ നിലവില്‍ സാധ്യമല്ലെന്ന് ധനവകുപ്പ്. എന്നാല്‍, മെച്ചപ്പെട്ട ധനസ്ഥിതി വരുമ്പോള്‍ പരിശോധിക്കാമെന്നും ധനവകുപ്പ് വ്യക്തമാക്കി.

കേരളത്തില്‍ ഒന്നാം വര്‍ഷ പി ജി ഡോക്ടര്‍മാര്‍ക്ക് 55,120 രൂപയാണ് സ്റ്റൈപെന്‍ഡ് നല്‍കുന്നത്. എന്നാല്‍, തമിഴ്നാട്ടില്‍ 48,000 രൂപയേ നല്‍കുന്നുള്ളൂവെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടി. ഈ വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ രണ്ടാം തവണയും ധനവകുപ്പ് ആരോഗ്യവകുപ്പിന് തിരിച്ചയച്ചു. ഡിസംബര്‍ 10ന് ഫയല്‍ വീണ്ടും ആരോഗ്യവകുപ്പ് ധനവകുപ്പിലേക്ക് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.

അതേസമയം, പി ജി ഡോക്ടര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് കിട്ടിയാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് സമരക്കാര്‍ നിലപാടറിയിച്ചു. ഇന്നലെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. ഉന്നതതല ഔദ്യോഗിക ചര്‍ച്ച നടത്താന്‍ അനുവദിച്ചെങ്കിലും നിലവില്‍ സമയമോ തിയ്യതിയോ അറിയിച്ചിട്ടില്ല.