കൊച്ചി: തീവ്രവാദ സംഘടനകളുടെ മുദ്രാവാക്യങ്ങള്‍ ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് പ്രശ്‌നത്തില്‍ ലീഗ് മത തീവ്ര നിലപാടിലേക്കു മാറിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ച് സംസാരിച്ചത്.
‘കേരളം വര്‍ഗീയമായി ഭിന്നിക്കണമെന്നാണ് സംഘപരിവാറും ഇസ്ലാമിക തീവ്രവാദികളും ആഗ്രഹിക്കുന്നത്. രണ്ടു കൂട്ടരും സമൂഹ മാധ്യമങ്ങളിലൂടെ ഇതിനു വേണ്ടി പ്രചാരണം നടത്തുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ മുതിര്‍ന്ന പാര്‍ട്ടി അംഗം കെ.എം.സുധാകരന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കളമശ്ശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററിലെ അഭിമന്യു നഗറില്‍ നടക്കുന്ന സമ്മേളനം 16ന് സമാപിക്കും.