ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഫിഷറീസ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ.റിജി ജോണിന്റെ നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയെ അറിയിച്ചു. ഒമ്പത് പേരെയാണ് അഭിമുഖം നടത്തിയത്. ഇതില്‍ നിന്ന് ഒരാളെയാണ് സെര്‍ച്ച് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ അറിയിച്ചു. ഒരു കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും രണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമടങ്ങുന്ന മൂന്നംഗ സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേരാണ് മുന്നോട്ട് വെച്ചത്.

യുജിസി ചട്ടപ്രകാരം സെര്‍ച്ച് കമ്മിറ്റി ഒന്നില്‍ കൂടുല്‍ പേരുള്ള പാനലിനേയാണ് ഗവര്‍ണര്‍ക്ക് മുമ്പാകെ നല്‍കേണ്ടത്. ഏകകണ്ഠമായി ഒരാളെ തിരഞ്ഞെടുക്കുന്നത് ശരിയല്ലെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിസി നിയമനത്തിലും ഇതേ നിലപാട് തന്നെയായിരുന്നു ഗവര്‍ണര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. പിന്നീട് നിയമനത്തിനെതിരെ അദ്ദേഹം രംഗത്തെത്തിയതോടെയാണ് വിവാദത്തിലേക്ക് നീങ്ങിയത്.