ന്യൂഡല്‍ഹി: ആദരസൂചകമായി ഡല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പേര് മാറ്റി ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി. ‘അക്ബര്‍ റോഡ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേരിലേക്ക് മാറ്റി രാജ്യത്തെ ആദ്യത്തെ സിഡിഎസിന്റെ ഓര്‍മ്മകള്‍ ഡല്‍ഹിയില്‍ സ്ഥിരമായി നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് ജനറല്‍ റാവത്തിന് കൗണ്‍സില്‍ നല്‍കുന്ന യഥാര്‍ത്ഥ ആദരവായിരിക്കുമെന്ന് വിശ്വസിക്കുന്നു’ – മീഡിയ വിഭാഗം അയച്ച കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.
അക്ബര്‍ ഒരു അതിക്രമിയാണ്. ഇതൊരു പ്രധാന റോഡാണ്. അതുകൊണ്ട് എന്നത്തേക്കുമായി ഈ റോഡ് റാവത്തിന്റെ പേരിലേക്ക് മാറ്റണമെന്നും കത്തില്‍ പറയുന്നു. അതേസമയം, നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ചര്‍ച്ച ചെയ്യുമെന്നും ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അറിയിച്ചു.
ഡല്‍ഹിയിലെ വിവിഐപി മേഖലയാണ് അക്ബര്‍ റോഡ്. ഈ റോഡിന്റെ പേര് മാറ്റി മഹാറാണ പ്രതാപ് റോഡ് എന്നാക്കണമെന്ന് നേരത്തെ മന്ത്രി വി കെ സിംഗ് ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ റോഡിലെ സൈന്‍ ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. സാമ്രാട്ട് ഹെമു വിക്രമാദിത്യ മാര്‍ഗ് എന്ന് എഴുതിയ പോസ്റ്ററുകളും പതിച്ചിരുന്നു. ഹിന്ദു സേനയാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം.

