ജാഗ്രതയില്‍ രാജ്യം; ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 41 ആയി; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി പുതുതായി മൂന്ന് ഒമൈക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ രോഗ ബാധിതരുടെ എണ്ണം 41 ആയി. ഈ സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കര്‍ശനമാക്കി.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കൂടുതലുള്ള കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ വിദഗ്ദ്ധ സമിതി ചര്‍ച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ലോകത്തെ ആദ്യ ഒമിക്രോണ്‍ മരണം കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍, ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി കൂടിയതാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.