കൊച്ചി: ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ കൂട്ടിയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. നെടുമ്പാശ്ശേരിയില്‍ മാത്രം ഹൈറിസ്‌ക് കാറ്റഗറി രാജ്യങ്ങളില്‍ നിന്ന് വന്ന 4408 പേരില്‍ 10 പേരാണ് ഇന്നലെയും ഇന്നുമായി കൊവിഡ് പോസിറ്റീവായത്. ഇവരുടെയെല്ലാം ജീനോം പരിശോധന നടത്തിയതില്‍ രണ്ട് പേരുടെ ജീനോം ഫലം കിട്ടി. ഇതില്‍ ഒരാള്‍ പോസിറ്റിവും ഒരാള്‍ നെഗറ്റീവുമാണ്. ഇനി എട്ട് പേരുടെ ഫലം കൂടി വരാനുണ്ട്. എറണാകുളത്ത് ഇന്നലെ ഒരാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
‘വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന ഇനി കര്‍ശനമാകും. കൊവിഡ് പരിശോധന നടത്തി ഫലം വന്ന ശേഷം മാത്രമേ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനാകൂ. യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റോ ആര്‍ടിപിസിആര്‍ പരിശോധനയോ നടത്താം. പരിശോധനാഫലം പരമാവധി മൂന്ന് മണിക്കൂറിനുള്ളില്‍ ലഭിക്കും. തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ ഏഴ് സ്വകാര്യ ആശുപത്രികളും പരിശോധനകളില്‍ സഹകരിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്‌സീന്‍ എല്ലാവര്‍ക്കും ഉറപ്പാക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ശ്രമമെന്ന’്, രാജീവ് വ്യക്തമാക്കി.
ഹൈ റിസ്‌ക് കാറ്റഗറി രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെങ്കില്‍ 7 ദിവസം കൂടി ക്വാറൈന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. വിമാനത്താവളത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെങ്കില്‍ ഉടന്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. ഏത് വൈറസെന്ന് സ്ഥിരീകരിക്കാന്‍ പോസിറ്റീവായവരില്‍ കൂടുതല്‍ പരിശോധനകളും നടത്തുന്നുണ്ട്.
.

