‘ഇത് ചരിത്ര നിമിഷം’; കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

വാരാണസി: കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിനു തുറന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ രാജ്യം ചരിത്ര നിമിഷത്തിന് സാക്ഷിയാവുകയാണെന്നും ചരിത്രം കുറിച്ച ദിനമാണ് ഇന്നെന്നും പ്രധാനമന്ത്രി പറഞ്ഞു,

‘ഇന്ന്, കാശി വിശ്വനാഥന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം രചിക്കപ്പെടുകയാണ്. കാശി വിശ്വനാഥ് ധാം പരിസരം ഒരു മഹത്തായ ഭവന്‍ മാത്രമല്ല, ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. പുരാതന പ്രചോദനങ്ങള്‍ എങ്ങനെയെന്ന് ഇവിടെ കാണാം. ഓരോ ആക്രമണകാരിക്കും ഒരു പ്രതിയോഗിയെ കാശി കണ്ടു. ഒരു ഔറംഗസേബ് വന്നാല്‍ ഒരു ശിവജിയും ഉയരും. ഛത്രപതി ശിവജി മഹാരാജ് മുതല്‍ റാണി ലക്ഷ്മിഭായി വരെ, മുന്‍ഷി പ്രേംചന്ദ്, ബിസ്മില്ലാ ഖാന്‍ വരെ. അറിയപ്പെടുന്ന പല വ്യക്തികള്‍ക്കും കാശിയുമായി ബന്ധമുണ്ട്. ഇന്ത്യയുടെ വികസനത്തിന് കാശിയുടെ സംഭാവന അനന്തമാണ്’- മോദി പറഞ്ഞു.

800 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 339 കോടി രൂപയാണ് ചിലവഴിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശത്തിനുശേഷം കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി, ഗംഗാസ്നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനത്തിനായി അദ്ദേഹം എത്തിയത്. വൈകിട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും പ്രധാനമന്ത്രി പങ്കുചേരും.