വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാന മന്ത്രിയുടെ ചിത്രത്തിന് എന്താണ് പ്രശ്‌നം?; ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കില്‍ എന്താണ് പ്രശ്നമെന്ന് ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ജഡ്ജി. പ്രതിരോധ കുത്തിവെപ്പിനായി പണം നല്‍കിയ ശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം.

അതേസമയം, ‘വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കില്‍ എന്താണ് പ്രശ്നം? നിങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹവും പ്രധാനമന്ത്രിയാണ്. ആ പേരും നീക്കം ചെയ്യാന്‍ എന്തുകൊണ്ട് സര്‍വകലാശാലയോട് ആവശ്യപ്പെടുന്നില്ലെന്ന്’, ഹര്‍ജിക്കാരനോട് ജഡ്ജി ചോദിച്ചു.

മറ്റ് രാജ്യങ്ങളില്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അതത് നേതാക്കളുടെ ഫോട്ടോകള്‍ ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍, ‘അവര്‍ അവരുടെ പ്രധാനമന്ത്രിയെക്കുറിച്ച് അഭിമാനിക്കുന്നില്ല, ഞങ്ങള്‍ അഭിമാനിക്കുന്നു. ജനങ്ങളുടെ ജനവിധി കൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ഞങ്ങള്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുണ്ട്, പക്ഷേ അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ പ്രധാന മന്ത്രിയാണെന്ന്’ ജഡ്ജി പ്രതികരിച്ചു.