ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശം; സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ വിവാദത്തില്‍ സി.ബി.എസ്.ഇക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ തയ്യാറകണമെന്നും സോണിയ ആവശ്യപ്പെട്ടു. ലോകസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീ-പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്ളത്. ഒരു പുരോഗമന സമൂഹത്തിന് യോജിച്ച ആശയമല്ല ഈ ചോദ്യം പങ്കുവെക്കുന്നത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കക്കൊപ്പമാണ് താനെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.

സത്രീ-പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍, സ്ത്രീ-പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. ഇത്തരം നിരീക്ഷണങ്ങളെ വിവരക്കേടെന്നാണ് സോണിയ വിശേഷിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തില്‍ ഇടപെടണമെന്നും ചോദ്യം പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.