വിശ്വസുന്ദരി പട്ടം ഹര്‍നാസ് സന്ധുവിന്; 21 വര്‍ഷത്തിന് ശേഷം കിരീടം ഇന്ത്യയിലേക്ക്

ജറുസലേം: 2021 ലെ മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. നീണ്ട 21 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഈ ഇരുപത്തിയൊന്ന്കാരിയിലൂടെ മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് ഇന്ത്യന്‍ പെണ്‍കൊടി വിജയകിരീടം അണിഞ്ഞത്. വിശ്വസുന്ദരി കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു.

2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്. പരാഗ്വേയുടെ നാദിയ ഫെറെയ്‌റ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്കയുടെ ലലേല സ്വാനെ സെക്കന്‍ഡ് റണ്ണറപ്പുമായി.

രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി പട്ടം നേടുന്നത്. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021 കിരീട നേട്ടത്തെത്തുടര്‍ന്നാണ് മോഡലും നടിയുമായ സന്ധു വിശ്വസുന്ദരിപ്പട്ടത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. നിലവില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ്. ടൈംസ് ഫ്രഷ് ഫെയ്‌സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും സന്ധു അഭിനയിച്ചിട്ടുണ്ട് ഈ ചണ്‍ഡിഗഢ് സ്വദേശിനി. 1994 ല്‍ സുസ്മിത സെന്‍ ആണ് നേരത്തെ ഇന്ത്യ്ക്ക് വേണ്ടി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്.