മൊബൈല്‍ എടുക്കൂ…ഓര്‍ഡര്‍ ചെയ്യൂ! 30 ശതമാനം വിലക്കുറവോടെ സപ്ലൈക്കോ ഉല്‍പ്പന്നങ്ങള്‍ ഇനി വീട്ടിലെത്തും

തിരുവനന്തപുരം: 30 ശതമാനം വരെ വിലക്കുറവോടെ സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീടുകളിലെത്തും. ഓണ്‍ലൈന്‍ വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സപ്ലൈ കേരള’ മൊബൈല്‍ ആപ്പ് ലോഞ്ചും ഇന്ന് തൃശൂരില്‍ വെച്ച് നടന്നു. ജില്ലയിലെ മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സപ്ലൈകോ ഹോം ഡെലിവറിയുടെ ആദ്യഘട്ടം ആരംഭിക്കുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോര്‍പറേഷന്‍ ആസ്ഥാനങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും നാലാംഘട്ടം മാര്‍ച്ച് 31ന് മുന്‍പായി കേരളത്തിലെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും നടപ്പാക്കാനാണ് നീക്കം.

ഓണ്‍ലൈന്‍ ബില്ലിന് അഞ്ചു ശതമാനം വരെ ഇളവുണ്ടാകും. 1,000 രൂപക്ക്
മുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി ചക്കി ആട്ടയും നല്‍കും. 2,000 രൂപക്ക് മുകളിലുമുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയിലയും, 5,000 രൂപയില്‍ കൂടുതലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ചും നല്‍കും. കൂടാതെ ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും.

4 കിലോമീറ്ററിനുള്ളില്‍ 5 കിലോ തൂക്കം വരുന്ന ഒരു ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് കുറഞ്ഞത് 35 രൂപ രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. എന്നാല്‍, അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വര്‍ധിപ്പിക്കും. കേരളത്തിലെ ഏകദേശം 500ല്‍ അധികം വരുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ അവയുടെ 10.കി.മീ ചുറ്റളവില്‍ ഹോം ഡെലിവറി നടത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.