‘വേദനിലയം’ ഇനി ദീപക്കും ദീപക്കിനും; ജയലളിതയുടെ സ്വകാര്യവസതിയുടെ താക്കോല്‍ ജ്യേഷ്ഠമക്കള്‍ക്ക് കൈമാറി

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം വസതി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജ്യേഷ്ഠമക്കളായ ദീപ ജയകുമാറിനും ദീപക്കിനും കൈമാറിയിരുന്നു. 100 കോടി വിലയുള്ള വേദനിലയത്തിലേക്കുള്ള താമസമാറ്റത്തിനൊരുങ്ങുകയാണ് ഇരുവരും. ഹിന്ദു നിയമപ്രകാരം ജയലളിതയുടെ പിന്തുടര്‍ച്ചാവകാശം ഇവര്‍ക്കാണെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

‘കടുത്ത നിയമ പോരാട്ടത്തിനൊടുവിലാണ് വേദനിലയം സ്വന്തമാക്കാനായത്. ജയലളിതയുടെ അസാന്നിദ്ധ്യത്തില്‍ ആദ്യമായാണ് വേദനിലയം സന്ദര്‍ശിക്കുന്നത്. ജീവിതത്തില്‍ ഇങ്ങനെയൊരു വഴിത്തിരിവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,’ ദീപ പ്രതികരിച്ചു. ജയലളിതയുടെ മാതാവ് വേദവല്ലി വാങ്ങിയതാണ് ഈ വീട്. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. തുടര്‍ന്ന് ഇവരുടെ വസതിയായ വേദനിലയം സ്മാരകമാക്കിയ മുന്‍ അണ്ണാ ഡി.എം.കെ സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കുകയായിരുന്നു.