താനൊരു സൈനികന്റെ ഭാര്യയാണ്, ചിരിച്ചു കൊണ്ടുള്ള ഒരു യാത്രയയപ്പാണ് അദ്ദേഹം ആഗ്രഹിക്കുന്നത്; നൊമ്പരമായി ഗീതികയുടെ വാക്കുകൾ

ന്യൂഡൽഹി: താനൊരു സൈനികന്റെ ഭാര്യയാണ്. ചിരിച്ചു കൊണ്ടുള്ള ഒരു യാത്രയയപ്പാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ബ്രിഗേഡിയർ എൽ.എസ്സ്.ലിഡ്ഡറുടെ ഭാര്യ ഗീതികയുടെ വാക്കുകളാണിത്. ഭർത്താവിന്റെ വിയോഗം സൃഷ്ടിച്ച വേദനകൾക്കിടയിലും ദൃഢനിശ്ചയത്തോടെയാണ് ഗീതിക സംസാരിക്കുന്നത്. വേദനകളെല്ലാം ഉള്ളിലൊതുക്കി ആത്മധൈര്യത്തോടെയാണ് ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ഗീതിക നിന്നത്.

അദ്ദേഹത്തിന് ഏറ്റവും നല്ല യാത്രയയപ്പാണ് ലഭിക്കേണ്ടത്. ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്. താനൊരു സൈനികന്റെ ഭാര്യയാണ്. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഗീതിക പറയുന്നു. തന്റെ മകൾക്ക് അദ്ദേഹത്തെ മിസ് ചെയ്യും. അദ്ദേഹം ഇങ്ങനെ പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഗീതിക വ്യക്തമാക്കി.

ഡൽഹിയിൽ കന്റോൺമെന്റിലെ ബ്രാർ സക്വയറിൽ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. രാവിലെ 9.15 നായിരുന്നു സംസ്‌കാരം. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേന മേധാവി എം.എം. നരവനെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ.ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി തുടങ്ങിയവരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ. 1990 ലാണ് അദ്ദേഹം ജമ്മു കശ്മീർ റൈഫിൾസിൽ ജോലി ആരംഭിച്ചത്. മികച്ച സൈനികൻ എന്നതിനപ്പുറം സമാനതകളില്ലാത്ത പ്രതിരോധ ഗവേഷകൻ കൂടിയായിരുന്നു അദ്ദേഹം. ബഹിരാകാശ യുദ്ധം, ഹൈബ്രിഡ് യുദ്ധം, സാറ്റലൈറ്റ് അധിഷ്ഠിത പ്രതിരോധ രീതികൾ എന്നിവയെല്ലാം വിശദീകരിക്കുന്ന ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.