കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക തിരിച്ചടി. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചു കൊണ്ടാണ് അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളാൻ കോടതി തീരുമാനിച്ചത്.
കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ഉൾപ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഡിസംബർ ആദ്യമാണ് കേസുമായി ബന്ധപ്പെട്ട് സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തത്.
പെരിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെയാണ് കേസിൽ ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്.

